മലയോരത്ത് കശുമാവിന് കണ്ടുവരുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘം സ്ഥലത്ത് പരിശോധന നടത്തി

 



ഉളിക്കൽ : മലയോരത്ത് കശുമാവിന് കണ്ടുവരുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘം സ്ഥലത്ത് പരിശോധന നടത്തി. ഉളിക്കൽ, പായം പഞ്ചായത്തുകളിലെ അറബി, മട്ടിണി, കോളിത്തട്ട്, പേരട്ട, പെരിങ്കരി പ്രദേശത്താണ് സംഘം സന്ദർശിച്ചത്. കശുമാവിന് വ്യാപകമായി തണ്ടുണക്കം, ഇലകരിച്ചിൽ, പൂകൊഴിച്ചിൽ തുടങ്ങിയവ റിപ്പോർട്ട് ചെയ്ത പ്രദേശമാണിത്. രോഗബാധ കാരണം കശുവണ്ടി ഉത്പാദനം ഗണ്യമായനിലയിൽ കുറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കേരള പ്രദേശ് കാഷ്യു സെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല വകുപ്പ് മേധാവികൾക്ക് നിവേദനം നൽകിയിരുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഹോർട്ടി കൾച്ചർ അസോസിയേറ്റ് പ്രൊഫസർ ഡോ. മീര മഞ്ജുഷ, അഗ്രികൾച്ചർ എന്റമോളജിസ്റ്റ്‌ ഡോ. നിഷാ ലക്ഷ്മി, ടെക്നിക്കൽ അസിസ്റ്റന്റ് അമൽ ചന്ദ്രൻ, ഫാം ഓഫീസർ പ്രണവ് എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്തെ കശുമാവിൻ തോട്ടങ്ങൾ സന്ദർശിച്ചത്. ഇവർ കർഷകരുടെ പരാതി കേൾക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.തേയിലകൊതുകിന്റെ ആക്രമണമാണ് കശുമാവിന് ബാധിച്ച രോഗത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തിയത്. തളിരിടുന്ന സമയത്തും പൂങ്കുല ഉണ്ടാകുന്ന അവസരത്തിലും കശുവണ്ടി കായ്ക്കുന്ന സമയത്തും തേയിലകൊതുകിനെ നിയന്ത്രിക്കുന്നതിന് മരുന്ന് തളിയ്ക്കാൻ സംഘം കർഷകരോട് നിർദേശിച്ചു. തളിരുടുന്ന സമയത്ത് അഞ്ച് മില്ലി കരാട്ടേ കീടനാശിനി 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കണം. പൂവിടുന്ന സമയത്ത് എക്കാലക്സ് രണ്ട് മില്ലി 100 ലിറ്റർ വെള്ളത്തിൽ കലക്കി ഒപ്പം കോപ്പർ ഓക്സൈഡ് അല്ലെങ്കിൽ മാംഗോ സേഫ് ഇവ ചേർത്ത് അടിയ്ക്കണം. പിഞ്ചണ്ടി ഉണ്ടാകുന്ന അവസരത്തിൽ അറ്റാറ 22.05 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കണം. ഒരുലിറ്റർ വെള്ളത്തിൽ വേപ്പെണ്ണ ചേർത്ത് രണ്ടാഴ്ച കൂടുമ്പോൾ തളിച്ചാലും കീടങ്ങളെ നിയന്ത്രിക്കാമെന്ന് സംഘാഗംങ്ങൾ പറഞ്ഞു. സംഘത്തോടൊപ്പം കാഷ്യു സെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല, ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി,ഉളിക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്തംഗം ബിജു വെങ്ങലപ്പള്ളി, ബെന്നി കണ്ടങ്കരി, ജെയിംസ് ഇളമ്പള്ളൂർ, ജോയി ചക്കാലയ്ക്കൽ എന്നിവരുണ്ടായിരുന്നു.

0/Post a Comment/Comments