കണ്ണൂർ: ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ബുധനാഴ്ച (മാർച്ച് 29) റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. പ്ലാൻ സ്‌കീം 2020-21ൽ ഉൾപ്പെട്ട കണ്ണൂർ താലൂക്കിലെ കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ, റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമ്മിച്ച പയ്യന്നൂർ താലൂക്കിലെ വെള്ളൂർ, കണ്ണൂർ താലൂക്കിലെ കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം.
കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് രണ്ട് മണിക്കും മുണ്ടേരിയിലേത് മൂന്ന് മണിക്കും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ അധ്യക്ഷതയിൽ നടക്കും. കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് 3.30ന് കെ വി സുമേഷ് എം എൽ എയുടെ അധ്യക്ഷതയിലും വെള്ളൂരിലേത് ടി ഐ മധുസൂദനൻ എം എൽ എയുടെ അധ്യക്ഷയിൽ വൈകിട്ട് അഞ്ചു മണിക്കും നടക്കും.
കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസിനായി പണിത കെട്ടിടത്തിൽ ഓഫീസ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിംഗ് റൂം, റെക്കോർഡ് റൂം, ഹെൽപ് ഡെസ്‌ക്, വെയിറ്റിങ് ഏരിയ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 115. 52 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന്റെ വശങ്ങളിൽ ഇന്റർലോക്കും ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.
174 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളുള്ള മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ് ഹാൾ, വില്ലേജ് ഓഫീസറുടെ മുറി, കോൺഫറൻസ് ഹാൾ, റിക്കാർഡ് റൂം എന്നിവയും മുകളിലത്തെ നിലയിൽ ഒരു ഹാളുമാണ് ഉള്ളത്.
ജനത ചാരിറ്റബിൾ ട്രസ്റ്റ് വിട്ടു നൽകിയ ഒമ്പത് സെന്റ് സ്ഥലത്താണ് വെള്ളൂർ വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. റെക്കോർഡ് റൂം, സന്ദർശക മുറി, എൻക്വയറി കൗണ്ടർ, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
Post a Comment