ഇരിട്ടി: ആറളം പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പമ്പ് ഹൗസിൽ വൻ തീപിടുത്ത. രണ്ട് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചതോടെ മേഖലയിലെ 1100ഓളം കുടുംബങ്ങളുടെ കുടിവെള്ള വിതരണം മുടങ്ങി. ജലനിധി പദ്ധതിയുടെ കാപ്പുംകടവിലുള്ള പമ്പ് ഹൗസിലെ 20 എച്ച് പി യുടെയും 15 എച്ച് പിയുടെയും 2 മോട്ടോറുകൾ പ്രവർത്തിക്കുന്ന പമ്പ് ഹൗസിലാണ് ബുധനാഴ്ച രാവിലെ 6.45 ഓടെ തീപിടിത്തം ഉണ്ടായത്. പഞ്ചായത്തിലെ ആറളം, പെരുമ്പഴശി, കൂട്ടക്കളം, പൂതക്കുണ്ട് വാർഡുകളിലെ ജലനിധിയുടെ കുടിവെള്ള വിതരണം തടസപ്പെട്ടു. രാവിലെ പുഴയിൽ അലക്കാൻ എത്തിയവരാണ്‌സംഭവം അറിയുന്നത്. ഉഗ്ര സഫോടനത്തോടെ ഉപകരണങ്ങൾ കത്തുകയായിരുന്നു. സ്‌ഫോടനം ഉണ്ടായതോടെ പുഴയിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പമ്പ് ഹൗസിലാണ് തീപിടുത്തം ഉണ്ടായതെന്ന് മനസിലായത്. രണ്ട് ദിവസം മുൻമ്പാണ് പമ്പ് ഹൗസിലെ പഴയ യന്ത്ര സാമഗ്രികൾ എല്ലാം മാറ്റി പുതിയവ സ്ഥാപിച്ചത്.
ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജലനിധി പദ്ധതിയാണ് ആറളത്തേത്. ഉപഭോക്താക്കളിൽ നിന്നും ചെറിയ തുക വാങ്ങിയാണ് ജലനിധി സമിതിയുടെ പ്രവർത്തനം. വൻ സാമ്പത്തിക നഷ്ടം ഉണ്ടായതിനാൽ അറ്റകുറ്റ പ്രവർത്തി നടത്തുവാൻ സർക്കാർ സംവിധാനങ്ങളുടെ സഹായം വേണം. മേഖല കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ്. മേഖലയിലെ മിക്ക വീടുകളിലും കിണറുകൾ വറ്റി വരണ്ടു. പദ്ധതിയിലെ വെള്ളമാണ് വീട്ടാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്.
2015 മുതലാണ് ഈ മേഖലയിൽ ജല നിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം ആരംഭിച്ചത്. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും സമയമെടുക്കും. ബാവലി പുഴയിൽ കാപ്പുംകടലിൽ കിണർ കുഴിച്ച് കൊട്ടക്കുന്ന്, കൊടുവളം ഭാഗങ്ങളിൽ സ്ഥാപിച്ച ടാങ്കിലേക്ക് വെളളം പമ്പ് ചെയ്താണ് പൈപ്പ് ലൈൻ വഴി വീടുകളിൽ എത്തിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.വേലായുധൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷ ഷിജി നടുപ്പറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് എന്നിവർ സ്ഥലത്തെത്തി.
പൈപ്പ് വഴിയുള്ള ജലവിതരണം മുടങ്ങിയതോടെ മേഖലയിൽ ജലക്ഷാമം പരിഹരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യവും ശക്തമാണ്. പഞ്ചായത്തിലെ ആറളം ഫാം പുനരധിവാസ മേഖ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിലാണ്. രണ്ട് ടാങ്കറുകളിൽ വെളളം എത്തിച്ചിട്ടും ഇവിടങ്ങളിലെ പ്രതിസന്ധി ഒഴിയുന്നില്ല. പുതിയ മേഖലകളിൽ കൂടി വെള്ളം എത്തിക്കുന്നത് പഞ്ചായത്തിനും പ്രതിസന്ധിയുണ്ടാക്കും. ജലനിധി സമിതിയുമായി ചർച്ചചെയ്ത് പ്രശ്‌നം ഉടൻ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പറഞ്ഞു.
Post a Comment