കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് വൈറസ് ബാധ; കേരളം മുന്നില്‍ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 40,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍ 68 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

*കേരളം മുന്നില്‍*

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നിലെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടുവരെ 4660 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള കാലയളവില്‍ ഇത് 11,296 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

0/Post a Comment/Comments