തലശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍; ബിഷപ്പ് നെറ്റോയെ കണ്ട് കേന്ദ്രമന്ത്രി മുരളീധരന്‍




കണ്ണൂര്‍:  ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ നടപടി. 


അതേസമയം ബിഷപ്പിനെ കണ്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കൃഷ്ണദാസ് പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ല. പൊതു സമൂഹത്തിന്റെ ആഗ്രഹമാണ്. ബിജെപിക്കും ആ അര്‍ത്ഥത്തില്‍ പ്രതീക്ഷയുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 


കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്റര്‍ ആശംസ നേരാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. 


പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീധനമെന്ന സ്ത്രീ വിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിന്മയുടെ ശക്തികള്‍ നേടുന്ന വിജയങ്ങള്‍ താല്‍ക്കാലികമാണെന്നും ആത്യന്തികമായ വിജയം നേടുന്നത് ദൈവമാണെന്നും ഈശോയുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.


0/Post a Comment/Comments