പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി; വിന്യസിച്ചിരിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാരെ



തിരുവനന്തപുരം : രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷ കര്‍ശ്ശനമാക്കി.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ്‌എച്ച്‌ കോളേജിലേക്ക് പോകും. 

നാവിക സേനാ അസ്ഥാനത്തു നിന്നും തേവര കോളേജിലേക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ മാത്രം രണ്ടായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ വിലയിരുത്താന്‍ പോലീസ് ഉന്നതതല യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

യുവം പരിപാടിയില്‍ പങ്കെടുത്തശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് ഏപ്രില്‍ 25 രാവിലെ 8 മുതല്‍ 11 വരെ തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയും തൊട്ടടുത്തുള്ള കോംപ്ലക്സിലെ എല്ലാ കടകളും ഓഫീസുകളും രാവിലെ 11-ന് ശേഷം ആയിരിക്കും പ്രവര്‍ത്തിക്കുക. ബസ്റ്റാന്റിന്റെ പാര്‍ക്കിംഗ് ഏരിയ മൊത്തമായും 24-ന് വൈകിട്ടോടെ ഒഴിപ്പിക്കും. തമ്ബാനൂരില്‍ നിന്നുള്ള ബസ്സുകള്‍ എല്ലാം അന്ന് രാവിലെ 11-വരെ വികാസ് ഭവനില്‍ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്ത് ഞായറും തിങ്കളും സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് തിരുവനന്തപുരം സെന്‍ട്രലില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഞായറാഴ്ചത്തെ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയും തിങ്കളാഴ്ചത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി.

ഇതിന് പുറമെ ഇന്നത്തെ എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യലും,ഷൊര്‍ണൂര്‍ -കണ്ണൂര്‍ മെമുവും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ കണ്ണൂര്‍ - എറണാകുളം എക്‌സ്പ്രസ്, തൃശ്ശൂരില്‍ യാത്ര അവസാനിപ്പക്കും. ഇന്നും നാളെയും ചില ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തില്ല, കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം- തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ -കൊച്ചുവേളി ട്രെയിന്‍ നേമം വരെയെ സര്‍വീസ് ഉണ്ടാകൂ.

വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 28 മുതല്‍ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്‌സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്‌സ്പ്രസിന്റെ സമയമാറ്റം. പാലരുവി എക്‌സ്പ്രസ് 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തില്‍ മാറ്റമില്ല.




0/Post a Comment/Comments