തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓംബുഡ്‌സ്മാന്‍ പരിഹരിച്ചത് 83 പരാതികള്‍


കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓംബുഡ്‌സ്മാന്‍ കെ എം രാമകൃഷ്ണന്‍ പരിഹരിച്ചത് 83 പരാതികള്‍. 2022- 23 വര്‍ഷത്തെ റിപ്പോര്‍ട്ട് ഓംബുഡസ്മാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. 

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ഓംബുഡസ്മാന്‍ ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോള്‍ 92 ഓളം പരാതികളും പ്രധാനമന്ത്രി ആവാസ് യോജന( ഗ്രാമീണ്‍)യുടെ മൂന്നു പരാതികളുമാണ് ലഭിച്ചത്. ഇവയില്‍ 83  പരാതികള്‍ക്കാണ് പരിഹാരമുണ്ടായത്.  

67 ഗ്രാമപഞ്ചായത്ത് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു വിലയിരുത്തുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും തൊഴിലിടങ്ങളില്‍ കണ്ട പോരായ്മകള്‍ തിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അതാത് സമയങ്ങളില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട്  52 സിറ്റിങ്ങുകളാണ് നടത്തിയത്. 

6 ഗ്രാമപഞ്ചായത്തിലെ വര്‍ക്ക് ഫയലുകളും പരിശോധിച്ചിട്ടുണ്ട്. മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 30,082 രൂപ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് തിരിച്ചടപ്പിച്ചു. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ പി എം എ വൈ (ജി ) മായി ബന്ധപ്പെട്ട്  ലഭിച്ച പരാതികളും ഓംബുഡ്‌സ്മാന്‍ പരിഹരിച്ചിട്ടുണ്ട്. ഇവ കൂടാതെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് റിപ്പോര്‍ട്ടിലുള്ള ക്രമക്കേടുകള്‍ക്കെതിരെയും ഓംബുഡ്‌സ്മാന്‍ നടപടി സ്വീകരിച്ചു.

0/Post a Comment/Comments