ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ സർക്കാർ നീക്കം. പിഴ ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതിനുള്ള പിഴ ഒഴിവാക്കുന്ന കാര്യത്തിൽ സാധ്യത പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 19 ന് ഉന്നതതല യോഗം ചേരും. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ അന്തിമ തീരുമാനം വരുന്നത് വരെ സംസ്ഥാനത്ത് പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമത്തിൽ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര നിയമമനുസരിച്ചാണ് ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽ പിഴ ഈടാക്കണമെന്നുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചത്. നിയമത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ഈ നിയമത്തില്‍ ഭേദഗതിവേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം 19ാം തിയതി ചേരുന്ന ഉന്നത തല യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ അന്തിമ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കുന്ന കാര്യം നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും', മന്ത്രി പറഞ്ഞു.
Post a Comment