റെയില്‍വേ ടിക്കറ്റുകള്‍ ഡിജിറ്റലിലേക്ക്; പേപ്പര്‍ ടിക്കറ്റ് ഉടന്‍ അവസാനിപ്പിക്കും




ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റിംഗ് സംവിധാനം ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്യും.

ട്രെയിന്‍ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്ന റെയില്‍വേയുടെ അഞ്ച് പ്രിന്റിംഗ് പ്രസുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ റെയില്‍വേ ടിക്കറ്റുകളും രസീതുകളും അച്ചടിക്കുന്ന ജോലി പുറത്തുനിന്നു നടത്തും. ടിക്കറ്റ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതോടെ വ്യാജ റെയില്‍വേ ടിക്കറ്റുകളുടെ കച്ചവടം തടയാനാകുമെന്നാണ് കരുതുന്നത്.

ബൈക്കുള-മുംബൈ, ഹൗറ, ഷക്കൂര്‍ബസ്തി-ഡല്‍ഹി, റോയാപൂര്‍-ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ റെയില്‍വേയുടെ പ്രിന്റിംഗ് പ്രസുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടുള്ളത്. ഇവിടെയുള്ള ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് പുനര്‍വിന്യസിക്കും. റിസര്‍വ് ചെയ്‌തതും റിസര്‍വ് ചെയ്യാത്തതുമായ റെയില്‍വേ ടിക്കറ്റുകള്‍, ക്യാഷ് രസീത് ബുക്കുകള്‍ ഉള്‍പ്പെടെ 46 തരം രേഖകള്‍ ഇവിടെ അച്ചടിക്കുന്നു. റെയില്‍വേ പ്രിന്റിംഗ് പ്രസ് അടച്ചുപൂട്ടാനുള്ള തത്വത്തിലുള്ള തീരുമാനം 2019 മെയ് മാസത്തിലാണ് എടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ അത് നടപ്പാക്കുകയാണ്. 

ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം റിസര്‍വ്ഡ്-അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഉള്‍പ്പെടെ റെയില്‍വേ ടിക്കറ്റുകള്‍ പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യും.1 പൂര്‍ണമായും ഇത് നടപ്പില്‍ വരുന്നത് വരെ റെയില്‍വേ ടിക്കറ്റുകളും മറ്റ് രേഖകളും ഐബിഎസിന്റെയും ആര്‍ബിഐയുടെയും അംഗീകൃത പ്രിന്റിംഗ് പ്രസില്‍ അച്ചടിക്കും. നിലവില്‍ 81 ശതമാനം യാത്രക്കാരും ഓണ്‍ലൈനായി ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 19 ശതമാനം ടിക്കറ്റുകളാണ് കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്നത്.


0/Post a Comment/Comments