തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.
ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment