കർണാടക ആർക്കൊപ്പം? വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യഫലസൂചനകൾ അരമണിക്കൂറിൽ


ബം​ഗളൂരു: കർണാടക ആർക്കൊപ്പം എന്നറിയാൻ മണിക്കൂറുകൾ മാത്രം. കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യഫലസൂചനകൾ അരമണിക്കൂറിൽ തന്നെ അറിയാനാകും. ഉച്ചയാകുമ്പോഴേക്കും ചിത്രം വ്യക്തമാകും.

ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ​ഗ്രസിനൊപ്പമായിരുന്നു. 224 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു. 

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.നാലു ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും. 

122 മുതൽ 140 സീറ്റുകൾ വരെ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് സർവേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസർച് കോൺഗ്രസിന് 106 മുതൽ 120 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവർണ ന്യൂസ്- ജൻ കീ ബാത്, ന്യൂസ് നേഷൻ- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്.  224 അംഗ നിയമസഭയിൽ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.





0/Post a Comment/Comments