'സേഫ് സ്‌കൂള്‍ ബസ്' വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്



സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. 'സേഫ് സ്‌കൂള്‍ ബസ്' എന്ന പേരിലാണ് പ്രത്യേക പരിശോധന.

കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ജി പി എസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ബസുകള്‍ ഫിറ്റ്നസ് പരിശോധനക്കായി കൊണ്ടു വരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനക്ക് ശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന നടത്തും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ല.

പുതുക്കിയ മാര്‍ഗരേഖ

💠 ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലി പരിചയം ഉണ്ടാകണം.

💠 ഹെവി വാഹനമാണെങ്കില്‍ അത്തരം വാഹനം ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം മതി.

💠 ബസുകളില്‍ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റ്സും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം.

💠 കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.

💠 പരമാവധി 50 കിലോമീറ്റര്‍ വേഗമേ പാടുള്ളൂ.

💠 മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍ പെട്ടരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും ആകാന്‍ പാടില്ല.

💠 വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം.

💠 സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന മറ്റു വാഹനങ്ങളില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്നെഴുതണം.

💠 ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം.

💠 എല്ലാ വാതിലിലും സഹായി വേണം. കയറാനും ഇറങ്ങാനും കുഞ്ഞുങ്ങളെ സഹായിക്കണം.

💠 സീറ്റെണ്ണത്തില്‍ അധികമായി കുട്ടികളെ നിര്‍ത്തി കൊണ്ട് പോകാന്‍ പാടില്ല.

💠 12 വയസ് കഴിയാത്ത കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ട് പേരെ ഇരുത്താം.

💠 ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേര് വിവരം എഴുതിയ രജിസ്റ്റര്‍ സൂക്ഷിക്കണം.

💠 വാതിലുകള്‍ക്ക് പൂട്ടും ജനലുകള്‍ക്ക് ഷട്ടറും ഉണ്ടാകണം. കൂളിങ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല.

💠 അത്യാവശ്യ ഘട്ടത്തില്‍ തുറക്കാവുന്ന വാതില്‍ (എമര്‍ജന്‍സി എക്‌സിറ്റ്) സജ്ജമാക്കണം.

💠 കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്ന വിധത്തില്‍ കണ്ണാടി സ്ഥാപിക്കണം.

💠 ഓരോ വാഹനത്തിലും സ്‌കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.

💠 സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.

💠 ചൈല്‍ഡ് ലൈൻ (1098), പോലീസ് (100), ഫയര്‍ ഫോഴ്സ് (101) ആംബുലന്‍സ് (102) എന്നീ ഫോണ്‍ നമ്പറുകള്‍ വാഹനത്തിന്റെ പിന്നില്‍ എഴുതിയിരിക്കണം.


0/Post a Comment/Comments