ആക്രമിക്കാന്‍ ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെ; സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം


കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടറുടെ കണ്ടെത്തല്‍. 

അന്ന് സന്ദീപ് കാണിച്ച വിഭ്രാന്തി ലഹരിയുടെ അമിതമായ ഉപയോഗം കൊണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. സന്ദീപ് സാധാരണ നിലയിലായതോടെ, ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ സന്ദീപിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ എത്തുന്നു എന്ന തോന്നലായിരുന്നു തനിക്ക് എന്ന് സന്ദീപ് പറഞ്ഞതായി ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസ് എത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യം വച്ചില്ലായിരുന്നു എന്നുമാണ് സന്ദീപിന്റെ ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയില്‍ നിന്ന് ലഹരി വാങ്ങിയെന്നും സന്ദീപ് സമ്മതിച്ചതായി ജയില്‍ വൃത്തങ്ങള്‍ പറയുന്നു. രക്ഷപ്പെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

0/Post a Comment/Comments