പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞാല്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി


തിരുവനന്തപുരം: പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുകയോ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് ഉത്തരവിട്ടു.

ഒരു വിഭാഗം ജീവനക്കാര്‍ ഞാറാഴ്ച രാത്രി 12 മണി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സമരം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് സര്‍ക്കാരും, ഇത്തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, മൂന്നു ദിവസത്തെ ഡയസ്നോണ്‍ മാത്രമല്ല, ഇത് കൊണ്ട് ഉണ്ടാകുന്ന സാമ്ബത്തിക നഷ്ടം പണിമുടക്കുന്ന തൊഴിലാളികളില്‍ നിന്നു തന്നെ ഈടാക്കുമെന്നും മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

പണിമുടക്കിന്റെ ഭാഗമായി ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂനിറ്റ് ഓഫീസര്‍മാര്‍, വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉടന്‍തന്നെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കണം. പണിമുടക്കുന്ന ജീവനക്കാരില്‍ നിന്നും സര്‍വീസ് തടസപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കുന്നതാണ്. സമാധാനപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. 

എന്നാല്‍, ഏതെങ്കിലും കാരണവശാല്‍ പൊതുമുതല്‍ നശിപ്പിക്കുകയോ, ജനങ്ങള്‍ക്ക് യാത്ര സൗകര്യം നിഷേധിക്കുകയോ ചെയ്താല്‍ കെ.എസ്.ആര്‍.ടി.സി ക്കോ സര്‍ക്കാരിനോ വെറുതെ ഇരിക്കാനാവില്ല. ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നതും, ഏറ്റവും കൂടുതല്‍ ജനങ്ങള്‍ യാത്ര ചെയ്യുന്നതുമായ തിങ്കളാഴ്ച തന്നെ ഈ പണിമുടക്കിന് വേണ്ടി തിരഞ്ഞെടുക്കുക വഴി ശമ്ബളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ അവതാളത്തിലേക്ക് ചവിട്ടി താഴ്ത്തുക എന്നതാണ് സമരം ചെയ്യുന്നവരുടെ ലക്ഷ്യം. 

മുന്‍കാലങ്ങളില്‍ ഈ സ്ഥാപനത്തില്‍ നടത്തിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം ആണ് ഈ സ്ഥാപനം ഇന്നത്തെ നിലയില്‍ എത്തിയതെന്ന് ഇനിയും മനസിലാക്കാത്ത ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് ഈ പണിമുടക്ക്. അത് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന തിങ്കളാഴ്ച തന്നെ തെരഞ്ഞെടുത്തത്‌ യാത്ര ചെയ്യുന്ന 22 ലക്ഷത്തോളം യാത്രാക്കാരെ ബുദ്ധിമുട്ടിക്കുകയും എന്ന ലക്ഷ്യം നേടാന്‍ വേണ്ടി മാത്രമാണ്. ചെയ്ത് സമരം ചെയ്യുന്നവര്‍ക്ക് എതിരെ ഒരു കാരണവശാലും ഇനി മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

സമരത്തെ നേരിടാന്‍ എല്ലാ ഡിപ്പോയിലും ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാന്‍ ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയില്‍ ബസുകള്‍ തടയുകയോ, അക്രമ സ്വഭാവം കാണിക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ഉടന്‍തന്നെ നടപടിയെടുക്കാന്‍ അതാത് യൂനിറ്റ് ഓഫീസര്‍മാര്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് അയക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട് .

എല്ലാ ബദലി ജീവനക്കാരും ഹാജരാകണം. ആവശ്യമെങ്കില്‍ സ്വിഫ്റ്റിന്റെ അവധിയിലുള്ള ജീവക്കാരെയും ഉപയോഗിച്ച്‌ തിങ്കളാഴ്ച യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്ര ചെയ്യാന്‍ അവസരമൊരുക്കേണ്ടതാണ് എന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് മുടക്കുന്ന ഓഫീസര്‍മാരുടെ പേരിലും കര്‍ശന നടപടി എടുക്കും. 





0/Post a Comment/Comments