കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും, പട്രോളിങ് ശക്തമാക്കും; മെഡിക്കൽ കോളേജിൽ സുരക്ഷ വർദ്ധിപ്പിക്കും


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി പൊലീസ്. സുരക്ഷാ വീഴ്ചകൾ പതിവാകുന്നുവെന്ന് ആശുപത്രി അധികൃതരുടെ പരാതിക്കു പിന്നാലെയാണ് നടപടി. ആശുപത്രിയിലും പരിസരങ്ങളിലും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്ക് പൊലീസ് നിർദേശം നൽകി. 

നിലവിൽ സുരക്ഷാ പ്രശ്നം രൂക്ഷമായ മേഖലകളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.ആശുപത്രി വികസന സമിതിയുമായും ഡോക്ടർമാരുമായും വിദ്യാർത്ഥികളുമായും കൂടിയാലോചിച്ചുക്കൊണ്ടുള്ള നടപടികളാണ് കൈകൊള്ളാൻ ഉദ്ദേശിക്കുന്നത്. സാമൂഹ്യ വിരുദ്ധർ കടന്നെത്തുന്നത് കർശനമായും തടയും. പൊലീസ് പട്രോളിങ് ക്യാമ്പസിൽ ശക്തമാക്കാനും ഇതിനകം സിറ്റി പൊലീസ് കമ്മീഷ്ണർ നിർദേശം നൽകി. 

ഇതിന് പുറമെ ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തുന്നവർ പോക്കറ്റടിയ്ക്ക് വിധേയമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും പൊലീസ് അറിയിച്ചു. ഇത് തടയാൻ നടപടികൾ ശക്തമാക്കും.

അനധികൃതമായി മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് കറങ്ങി നടക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാനാണ് പൊലീസിന്റെ തീരുമാനം. 

കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ആഭ്യന്തരവകുപ്പും സമാനമായ രീതിയിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.

0/Post a Comment/Comments