നാളെ ചക്രവാതച്ചുഴി രൂപപ്പെടും; തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ച രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി ഈ ജില്ലകളില്‍ അന്നേദിവസം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടും. തിങ്കളാഴ്ച തീവ്ര ന്യൂനമര്‍ദമായി  ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയില്‍ മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക്  നീങ്ങുന്ന പാതയില്‍  ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0/Post a Comment/Comments