വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; വനിതാ കമ്മിഷന്‍ കേസെടുത്തു


പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിര്‍ദേശം നല്‍കി. ജൂണ്‍ 25ന് നടന്ന വിവാഹത്തിലെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹച്ചടങ്ങാണ് സംഭവങ്ങള്‍ക്ക് തുടക്കം. വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്‌ല അകത്തേയ്ക്ക് കയറുന്നതിന് മുൻപായി പിന്നില്‍ നിന്നയാള്‍ അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു. തല നന്നായി വേദനിച്ച സജ്‌ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പാലക്കാട് വിവാഹങ്ങളില്‍ ഇത്തരം രീതികള്‍ പിന്തുടരുന്നുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇത്തരം ആചാരങ്ങള്‍ പാലക്കാട് ഇല്ലെന്നും ചിലര്‍ വാദിക്കുന്നു.

സംഭവത്തില്‍ പ്രതികരിച്ച്‌ സജ്‌ല സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുകയും ചെയ്തു.
0/Post a Comment/Comments