*തിരുവനന്തപുരം:* പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകർത്താക്കൾക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെയും അറിയിക്കണം.
ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണം.
പകർച്ചവ്യാധി പിടിപെടുന്ന കുട്ടികൾ/ ജീവനക്കാർ/ അധ്യാപകർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സ്കൂളിൽ ഡേറ്റ ബുക്ക് ഏർപ്പെടുത്തണം. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫിസിലും ശുചീകരണ പ്രവർത്തനം നടത്തണം. സ്പെഷൽ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്കൂളുകളിൽ ചേരാൻ നേരത്തെ നിർദേശം നൽകിയിരുന്നു.
Post a Comment