കാലവർഷം: ഒരുമിച്ച് കരുതൽ, ജാഗ്രതാ നടപടികൾ സ്വീകരിക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

കണ്ണൂർ: കാലവർഷം ശക്തമായിരിക്കേ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ എല്ലാ സർക്കാർ വകുപ്പുകളും ചേർന്ന് കരുതൽ, ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ പരിശോധിക്കാനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്ത് മന്ത്രി നിർദേശങ്ങൾ നൽകി. പകർച്ചപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പിനൊപ്പം ഇതര വകുപ്പുകളും ചേർന്ന് പ്രവർത്തിക്കണം. സ്‌കൂളുകളിലെയും ഹോട്ടലുകളിലെയും കുടിവെള്ള പരിശോധന കാര്യക്ഷമമായി തുടരാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി. 

കഴിഞ്ഞ കാലവർഷക്കാലത്ത് വെള്ളം കയറിയതോ മണ്ണിടിച്ചിൽ ഉണ്ടായതോ ആയ സ്ഥലങ്ങളിൽനിന്ന് ആളുകളുടെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പെട്ടന്ന് ഇടപെടാൻ കഴിയും വിധം എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കണം.

ചാല ബൈപാസ് ഭാഗത്ത് തോടിന്റെ വീതി 14 മീറ്ററിൽ നിന്ന് രണ്ട് മീറ്റർ ആയി കുറച്ചത് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമാകുമെന്ന് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. അതിനാൽ അധികം ഭൂമി ഏറ്റെടുത്തു തോട്ടിന്റെ വീതി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഇവിടെ അടിയന്തിര നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലയിൽ ആശുപത്രികളിൽ രോഗികൾ നിറയുമ്പോൾ ഡോക്ടർമാരുടെ സ്ഥലംമാറ്റം കൂടി വന്നതിനാൽ പ്രതിസന്ധിയുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അറിയിച്ചു. ജില്ലയിൽ പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും ആവശ്യമുള്ള ആശുപത്രികളിൽ അഡ്‌ഹോക് പൂളിൽനിന്ന് ഡോക്ടർമാരെ നിയമിക്കാൻ നിർദേശം നൽകിയതായി ഡിഎംഒ ഇൻ ചാർജ് ഡോ. എംപി ജീജ അറിയിച്ചു. ഡോക്ടർമാരുടെ ഒഴിവുകൾ പൂർണമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മലയോര പ്രദേശങ്ങളിൽ കൊതുകുകളുടെ പ്രജനന ഉറവിടം ഇല്ലാതാക്കാനായി ഏഴ് റൗണ്ട് ഫോഗിംഗ് നടത്തി. റബർ പ്ലാന്റേഷൻ ഉടമകളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എലിപ്പനി, എച്ച്‌വൺഎൻ വൺ, മഞ്ഞപ്പിത്തം, ഡയേറിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി പ്രതിരോധ ഗുളികകൾ വിതരണം ചെയ്തുവരുന്നു.  

യോഗത്തിൽ എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, എഡിഎം കെകെ ദിവാകരൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, താലൂക്ക് തഹസിൽദാർമാർ തുടങ്ങിയവർ സംബന്ധിച്ചു.
0/Post a Comment/Comments