കനാൽ ചോർച്ചക്കിടെ ബാരാപ്പോളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉദ്‌പാദനം തുടങ്ങി

 
ഇരിട്ടി:  കനാൽ ചോർച്ചയെത്തുടർന്ന് നിർത്തിവെച്ച  ബാരാ പോൾ ജലവൈദ്യുത പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉദ്‌പാദനം തുടങ്ങി.  വേനലിൽ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ഉദ്‌പാദനം നിർത്തിവെച്ചിരുന്നു.  മഴ തുടങ്ങിയതോടെ ഉദ്‌പാദനം തുടങ്ങാനായി കനാൽ വഴി വെള്ളം ഒഴുക്കി വിട്ടപ്പോൾ  ഉണ്ടായ ചോർച്ചമൂലം കനാൽ അടച്ച് വെള്ളമൊഴുക്കുന്നത് നിർത്തിവെച്ചിരുന്നു. എന്നാൽ കെ എസ് ഇ ബി യുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് കനൽ വഴി വെള്ളമൊഴുക്കി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉദ്പാദനം തുടങ്ങുകയായിരുന്നു.  
  ഇതേ സമയം നേരത്തെ  കനാലിൽ വെള്ളം ഒഴുക്കിയപ്പോൾ ചോർച്ചയെ തുടർന്ന് കനാലിന്റെ താഴ്വശത്തുള്ള വീടുകൾ ഭീഷണിയിലായിരുന്നു.  ഇവരുടെ പ്രശ്നം പരിഹരിക്കാതെ ഉൽപാദനം പുനരാരംഭിക്കരുതെന്നുള്ള നിർദ്ദേശം ലംഘിച്ചതിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പവർഹൗസിൽ എത്തി പ്രതിഷേധം അറിയിച്ചു. ഇതിൽ  കൂടുതൽ അപകട ഭീഷണി നേരിടുന്ന വീടിൻറെ ഉടമ കുറ്റിയാനിക്കൽ ബിനോയിയും കടുത്ത പ്രതിഷേധം ഉയർത്തി.  
കനാലിലൂടെ 30 സെന്റീമീറ്റർ ഉയരത്തിൽ മാത്രമാണ് വെള്ളം  ഒഴുക്കുന്നതെന്നും  കെഎസ്ഇബിയുടെ ജനറേറ്റർ  വിഭാഗം ഡയറക്ടർ ഉൾപ്പെടുന്ന ഉന്നതതല സംഘം വെള്ളിയാഴ്ച സ്ഥലത്ത് എത്തുന്നതിന് മുന്നോടിയായി  സാഹചര്യങ്ങൾ പഠിക്കുന്നതിന്  കൂടിയാണ് നടപടി എന്നുമാണ്  അധികൃതരുടെ വിശദീകരണം.  കുറ്റ്യാനിക്കൽ ബിനോയിയുടെ വീടിന് പുറകുവശത്തുള്ള ചാലിലൂടെ വെള്ളം ഒഴുകി വരുന്നുണ്ട്.  കഴിഞ്ഞ തവണ ഇതുവഴി എത്തിയ വെള്ളം നിറഞ്ഞു കവിഞ്ഞാണ് വീട് അപകട ഭീഷണിയിലായത്.  കനാലിൽ കൂടുതൽ വെള്ളം ഉയരുന്ന സാഹചര്യമുണ്ടായാൽ താനും കുടുംബവും  അപകടത്തിൽ ആകുമെന്നും കെഎസ്ഇബിയുടെ നിലപാട് നീതികേടാണെന്നും  ബിനോയ് ആരോപിച്ചു. വ്യാഴാഴ്ച  രണ്ടര മെഗാവാട്ട്  വൈദ്യുതിയാണ്  ഉത്പാദിപ്പിച്ചത്. 
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ഐസക്ക് ജോസഫ്, സീമാ സനോജ്,  സജി മച്ചിത്താനി, വില്ലേജ് ഓഫീസർ കെ .വി. ജിജു എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ബാരാപ്പോൾ  പവർഹൗസിലും അപകടാവസ്ഥയിലായ വീടും സന്ദർശിച്ചത്.

0/Post a Comment/Comments