തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോഗ്യവിദഗ്ധർ. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ മാസം മാത്രം മൂന്നുലക്ഷത്തിലേറെപ്പേരാണ് പകർച്ച പനി ബാധിതരായത്.
മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വൺ, ടൈപ്പ് ടു വൈറസുകൾക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പടർന്നതോടെ കേരളം പനിച്ച് വിറയ്ക്കുകയാണ്. രോഗ വ്യാപനം ഇനിയും കൂടും. രോഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങൾ തീവ്ര വ്യാപനത്തിന്‍റേതാകുമെന്നാണ് നിഗമനം. രോഗത്തിന്റെ രീതി , മരണ കാരണം എന്നിവ പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.
കേരളത്തിൽ ജൂൺ മാസം മാത്രം പനി ബാധിച്ചത് 293424 പേർക്കാണ്. പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 79. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1876പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത് 6006 പേർ. എലിപ്പനി സ്ഥിരീകരിച്ചത് 166 പേർക്കാണെങ്കിൽ രോഗ ലക്ഷണങ്ങളോടെ എത്തി ചികിൽസ തേടിയത് 229 പേരാണ്.
എലിപ്പനി മൂലം 23 പേർ മരിച്ചു. വയറിളക്ക രോഗം ബാധിച്ചത് അരലക്ഷത്തിലധികം പേർക്കാണ്. 203പേർക്ക് എച്ച് വൺ എൻ വണ്ണും സ്ക്രബ് ടൈഫസ് ബാധിച്ച് 22പേരും സിക്ക ബാധിച്ച് രണ്ടുപേരും ചികിൽസ തേടിയെന്നാണ് കണക്കുകൾ.
Post a Comment