ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളിയിലേക്ക്; ജനനായകന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കേരളം
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച രാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി എംസി റോഡിലൂടെ കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എത്തിച്ചേരും. തുടര്‍ന്ന് കോട്ടയം ഡിസിസി ഓഫീസിലെത്തിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അന്ത്യമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം.രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ  കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ജന്മനാടിനോടും നാട്ടുകാരോടുമുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. അതിനാല്‍ തന്നെ നിരവധി പേര്‍ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും ഒഴുകിയെത്തും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. ജനത്തിരക്ക് മൂലം മുന്‍ നിശ്ചയിച്ച സമയത്തെക്കാൾ ഏറെ വൈകാനാണ് സാധ്യത.

ഇന്നലെ തലസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം ഒഴുകിയെത്തിയത്.

0/Post a Comment/Comments