പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ കണ്ണൂരിൽ എൻആർഐ സമ്മിറ്റ് ഒക്ടോബറിൽ


പുതു സംരംഭങ്ങൾക്ക് അടിത്തറയിട്ട് ജില്ലയുടെ വ്യവസായ കുതിപ്പിന് ശക്തി പകരാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം-കണ്ണൂർ എൻആർഐഎ സമ്മിറ്റ് ഒക്ടോബർ 19, 20 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ താൽപര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർ സമ്മിറ്റിൽ പങ്കെടുക്കും. ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീട്ടെയിൽ, കയറ്റുമതി, സേവന മേഖലകൾ, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ പ്രവാസികൾക്ക് കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളാവും സമ്മിറ്റിന്റെ പ്രധാന ആകർഷണം. 

പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ ഉൾപ്പെടുന്ന സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകർക്ക് അവരുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂർത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സർക്കാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന കൃത്യമായ സന്ദേശം നൽകാൻ നിക്ഷേപക സംഗമം വഴി സാധിക്കും. 

നീണ്ട കാലം അന്യദേശങ്ങളിൽ ജോലി ചെയ്തും ബിസിനസ് നടത്തിയും നാടിന്റെ വളർച്ചയിൽ പങ്കാളികളായ വിദേശ മലയാളികൾക്ക് ധൈര്യപൂർവം സ്വന്തം നാട്ടിലും അവരുടെ ഇഷ്ട പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
വിദ്യാസമ്പന്നരായ തലമുറക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്ന സാഹചര്യവും സൃഷ്ടിക്കാനാകും. 

കണ്ണൂരിന്റെ ഉത്പന്നങ്ങൾക്കും ആശയങ്ങൾക്കും ആഗോളതലത്തിൽ സ്വീകാര്യത വർധിപ്പിക്കാനും ഈ സംഗമം വഴി സാധിക്കും. കണ്ണൂരിന്റെ വ്യവസായ സംരംഭകത്വ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോർട്ട് തയാറാക്കി സംഗമത്തിൽ അവതരിപ്പിക്കും. ഇതുവഴി നിക്ഷേപകർക്ക് കൃത്യമായ ദിശാബോധം ലഭ്യമാക്കാനാകും.
പരിപാടിയിൽ പങ്കെടുക്കുന്ന നിക്ഷേപകർക്കും ബിസിനസുകാർക്കും സെപ്റ്റംബർ 15 വരെ https://forms.gle/8ZBCghqozP4b7VDz9  എന്ന ഗൂഗിൾഫോം വഴി രജിസ്റ്റർ ചെയ്യാം. പദ്ധതികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പദ്ധതിരേഖ സമർപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സ്‌കൂട്ടിനി കമ്മിറ്റിയുടെയും അനുവാദം വാങ്ങണം. നിക്ഷേപം ആവശ്യമുള്ള എൻആർഐ അല്ലാത്തവർക്കും പ്രൊജക്ട് അവതരിപ്പിക്കാം.

 പരിപാടിക്കായി ജനപ്രതിനിധികളും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തിൽ മന്ത്രിമാരും പ്രമുഖ ബിസിനസ് നേതാക്കളും വിവിധ വകുപ്പ് മേധാവികളും സംബന്ധിക്കും.
ജില്ലാ പഞ്ചായത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുലത്തീഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.





.

0/Post a Comment/Comments