അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി


തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി 4 മേഖലകളിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂട് പൂർത്തിയായി.
 
തുടർന്ന് പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടന്നുവരികയാണ്. ജ്ഞാന സമൂഹ സൃഷ്ടിയിലൂടെ നവകേരള നിർമ്മിതി എന്ന വിശാലമായ ലക്ഷ്യം മുൻനിർത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ സമൂഹത്തിന് തന്നെ മാതൃകയായി ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പാഠ്യപദ്ധതി പ്രവർത്തനങ്ങൾ കേരളം ഏറ്റെടുത്തത്. ലോകത്ത് ആദ്യമായിട്ടാണ് വിദ്യാർത്ഥികളും പാഠ്യപദ്ധതി രൂപീകരണ ചർച്ചകളിൽ പങ്കാളികളായത്. 2025 ൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പാഠുസ്തകങ്ങൾ പരിഷ്‌കരിക്കും. ഇവിടെയെല്ലാം വിശാലമായ ജനാധിപത്യ മര്യാദകൾ പാലിച്ചിട്ടുണ്ട്.
എന്നാൽ ദേശീയ തലത്തിൽ നടക്കുന്ന പരിഷ്‌കരണ നടപടികൾ ജനാധിപത്യ വിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന കൺകറന്റ് ലിസ്റ്റിന്റെ യഥാർത്ഥ സമീപനം ഉൾക്കൊള്ളാത്തതുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

0/Post a Comment/Comments