ഇരിട്ടി: കാസർകോട് ജില്ലയിലെ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെ വി ലൈൻ വലിക്കുന്നതിനോടനുബന്ധിച്ച് ടവർ സ്ഥാപിക്കുന്നതിന് മുന്നോടിയായി മരം മുറി നടപടിക്രമങ്ങൾക്ക് എത്തിയ കെ എസ് ഇ ബി സംഘത്തെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. സ്പെഷ്യൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കുകയില്ലെന്ന് നേരത്തെ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മന്ത്രി, റവന്യൂ മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനവും നൽകിയിരുന്നു.
രണ്ട് ദിവസം മുൻപ് ചർച്ച നടത്തി അനുകൂല തീരുമാനം ഉണ്ടാക്കുമെന്ന് മന്ത്രി എ. കൃഷ്ണൻകുട്ടി എംഎൽഎ മാർക്ക് ഉറപ്പു നൽകിയിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച കിളിയന്തറ പഴയ എക്സൈസ് ചെക്ക് പോസ്റ്റ് പരിസരത്തെ മണ്ണനാൽ അക്കാമയുടെ ഭൂമിയിൽ കെഎസ്ഇബി അധികൃതർ എത്തിയത്. വിവരം അറിഞ്ഞതോടെ പായം, അയ്യൻകുന്ന് പഞ്ചായത്തുകൾ നിന്നുള്ള കർമ്മസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ സ്ഥലത്ത് എത്തി. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ ഉത്തരവ് ഇറങ്ങാതെ ഒരു പ്രവർത്തികളും നടത്താൻ അനുവദിക്കുകയില്ലെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തങ്ങൾ എഡിഎം നൽകിയ ഉത്തരവ് അനുസരിച്ചാണ് വന്നിരിക്കുന്നതെന്നും , ടവർ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലത്ത് മുറിക്കുവാനുള്ള മരങ്ങളുടെ വില നിർണയിക്കുകയും നിലവിലുള്ള നഷ്ടപരിഹാരം 60 ദിവസത്തിനകം നൽകുകയും ചെയ്യുമെന്ന് ഇവർ അറിയിച്ചു. പുതുതായി എന്തെങ്കിലും ഉത്തരവുകൾ ഉണ്ടായാൽ അധിക തുക അപ്പോൾ നൽകും. പ്രവർത്തി മുന്നോട്ടു കൊണ്ടുപോകാനാണ് ഉത്തരവെന്നും തങ്ങളുടെ ജോലിയുടെ ഭാഗമായാണ് എത്തിയതെന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.വി. അമർനാഥ്, അസിസ്റ്റൻറ് എൻജിനീയർ എം. അബുൻ ഹൈസ്, എം. വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചെങ്കിലും കർമ്മസമിതിയും നാട്ടുകാരും പിന്മാറിയില്ല.
മരം മുറി ഉൾപ്പെടെയുള്ള പ്രവർത്തികൾ നടത്തേണ്ട കരാറുകാരായ ജോലിക്കാരും ഒപ്പം ഉണ്ടായിരുന്നു. മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. കർമ്മ സമിതി ഭാരവാഹികളായ തോമസ് വർഗീസ് ,ബെന്നി പുതിയാമ്പുറം, രാജീ സന്തോഷ്, ജിജോ എടവന, ജോർജ് കിളിയന്തറ, വാർഡ് അംഗം അനിൽ എം. കൃഷ്ണൻ, റോബിൻ മണ്ണനാൽ, ബേബി പുതിയ മഠത്തിൽ, ഷാജു എടശ്ശേരി, ജോൺസൺ അണിയറ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായശേഷം പ്രവർത്തി നടത്തിയാൽ മതിയെന്ന് സ്ഥലത്തെത്തിയ സിപിഐഎം വിളമന ലോക്കൽ സെക്രട്ടറി എം. എസ്. അമർജിത്ത് സിദ്ധാർത്ഥദാസ് എന്നിവരും അറിയിച്ചു.
Post a Comment