കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റിന്‌ വേണം 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ




തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു. സിറ്റി സര്‍ക്കുലറില്‍ പുതുതായി ബസുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്.

പ്ലാൻഫണ്ട് ഉപയോഗിച്ച്‌ 150 സൂപ്പര്‍ഫാസ്റ്റ് ബസുകളും സിറ്റി സര്‍ക്കുലറിന് 63 ഇലക്‌ട്രിക് ബസുകളുമാണ് എത്തുന്നത്. തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍നിന്ന് 113 ഇലക്‌ട്രിക് ബസ് അനുവദിച്ചിരുന്നു. അതില്‍ 50 ബസുകള്‍ കഴിഞ്ഞമാസം ലഭിച്ചിരുന്നു. ബാക്കി വരുന്ന 63 ബസുകള്‍ ഒരുമാസത്തിനകം എത്തുമെന്നാണ് കരുതുന്നത്. 

ഒരുബസിന് നാലുപേരെവച്ചാണ് ആവശ്യമുള്ളത്. നിലവില്‍ സ്വിഫ്റ്റിന് 353 ബസുകളുണ്ട്. ഇതിലായി 1300 ഓളം ജീവനക്കാരും. മാനേജ്മെന്റ് ഡെവലപ്പ്മെന്റ് സെന്ററിനെയാണ് റിക്രൂട്ട്മെന്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പ്രായം 24 മുതല്‍ 55 വയസുവരെ. ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകര്‍. വനിതകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ കണ്ടക്ടര്‍ ലൈസൻസ് എടുക്കണം. 30 സീറ്റില്‍ അധികം സീറ്റുകളുള്ള പാസഞ്ചര്‍ വാഹനം അഞ്ചുവര്‍ഷമെങ്കിലും ഓടിച്ചുള്ള പരിചയമുണ്ടാകണം. ഡ്രൈവിങ് ടെസ്റ്റും അഭിമുഖവും നടത്തിയാകും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. കരാറടിസ്ഥാനത്തിലാകും നിയമനം. 

എട്ടുമണിക്കൂര്‍ ജോലിക്ക് 715 രൂപ ലഭിക്കും. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വച്ച്‌ നല്‍കും. ഇതിന് ഇൻസെന്റീവ്, അലവൻസ്, ബാറ്റ എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നിനും: n www.cmd.kerala.gov.in. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 20 ന് വൈകിട്ട് അഞ്ചുവരെ.





0/Post a Comment/Comments