പ്രവാസികൾക്ക് വൻ നേട്ടം: ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റവിസ മതി
മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന് ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരമൊരുങ്ങുന്നു. സൗദിഅറേബ്യ,ബഹ്‌റൈൻ,ഒമാൻ,കുവൈറ്റ്,ഖത്തർ,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നീ രാജ്യങ്ങളിലാണ് ഏകീകൃത വിസയിലൂടെ സന്ദർശിക്കാൻ


അവസരമൊരുങ്ങുന്നത്.ഓരോ രാജ്യവും സന്ദർശിക്കാൻ വെവ്വേറെ വിസ വേണ്ട എന്നത് പ്രവാസികൾക്ക് ഉൾപ്പടെ വൻ സാമ്പത്തിക ലാഭത്തിന് ഇടയാക്കും. പദ്ധതിയുടെ പ്രധാന നേട്ടവും ഇതുതന്നെയാണ്. അബുദാബിയിൽ ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികം വൈകാതെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇത് എന്നുമുതലാണെന്ന് വ്യക്തമല്ല.
പദ്ധതി നടപ്പിൽ വരുന്നതോടെ ഗൾഫ് പൗരന്മാർക്കും വിദേശികൾക്കും ആറ് രാജ്യങ്ങളിൽ യഥേഷ്ടം സഞ്ചരിക്കാൻ കഴിയും. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റ വിസയിലൂടെ സന്ദർശിക്കാൻ കഴിയുന്ന പദ്ധതിയുടെ മാതൃകയിലാണ് ഗൾഫിലും ഏകീകൃത വിസാസമ്പ്രദായം നടപ്പാക്കുന്നത്.ജര്‍മനി,ഫ്രാന്‍സ്,ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്,നെതര്‍ലന്‍ഡ്സ്,ഓസ്ട്രിയ, ഗ്രീസ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഏകീകൃത വിസയിലൂടെ സന്ദർശിക്കാൻ കഴിയും. ഇത് വിനോദ സഞ്ചാര മേഖലയ്ക്കാണ് കൂടുതൽ പ്രയോജനം ചെയ്യുന്നത്.പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ഗൾഫിലും വിനോദസഞ്ചാര രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യകരമായ ഒരു മത്സരം പ്രതീക്ഷിക്കുന്നു എന്നാണ് യു എ ഇ പറയുന്നത്. ഏകീകൃത വിസ നടപ്പാക്കുന്നതിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

0/Post a Comment/Comments