ന്യൂഡല്‍ഹി: വായ്പ പൂര്‍ണമായി തിരിച്ചടച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലോണ്‍ എടുത്തയാള്‍ക്ക് ആധാരം മടക്കി നല്‍കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്. ബാങ്ക് ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് നടപടി.
വായ്പ പൂര്‍ണമായി തിരിച്ചടച്ച് കഴിഞ്ഞാല്‍ 30ദിവസത്തിനകം, ലോണ്‍ ലഭിക്കാന്‍ ഈടായി നല്‍കിയ ആധാരം മടക്കി നല്‍കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ പിന്നീടുള്ള ഓരോ ദിവസവും 5000 രൂപ വീതം വായ്പ വാങ്ങിയയാള്‍ക്ക് ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ പിഴയായി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
വായ്പ എടുത്തയാള്‍ക്ക് യാദൃച്ഛികമായി മരണം സംഭവിക്കുകയാണെങ്കില്‍ അനന്തരവകാശികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാതെ വിധം നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. അനന്തരവകാശികള്‍ക്ക് ആധാരം മടക്കി നല്‍കുന്നതിന് കൃത്യമായ നടപടിക്രമത്തിന് രൂപം നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
ഈ നടപടിക്രമം ബാങ്കുകള്‍ വെബ്‌സൈറ്റില്‍ കൊടുക്കണം. ആധാരം നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡ്യുപ്ലിക്കേറ്റ് ലഭിക്കുന്നതിന് ആവശ്യമായ ചെലവും ധനകാര്യ സ്ഥാപനങ്ങള്‍ വഹിക്കണം. പിഴയ്ക്ക് പുറമേയാണിത്. എന്നാല്‍ ഇത്തരം കേസുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 30 ദിവസം കൂടി സമയം അധികമായി അനുവദിക്കും. അതായത് 60 ദിവസം. ആധാരം ലഭിക്കുന്നതിന് വരുന്ന കാലതാമസത്തിന് പിഴ ചുമത്തുന്ന കാര്യം പിന്നീട് കണക്കാക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.
Post a Comment