വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

 കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസിലെ പ്രതി പിടിയിൽ. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കർ ആണ് പിടിയിലായത്. അസം പൊലീസിന്റെ സഹായത്തോടെ അവിടെ എത്തിയാണ് പന്നിയങ്കര പൊലീസ് പ്രതിയെ പിടികൂടിയത്. നഷ്ടമായ മുഴുവൻ പണവും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ആറുവർഷം മുൻപ് ഉപേക്ഷിച്ച മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്നാണ് പരാതിക്കാരിക്ക് 19 ലക്ഷം രൂപ നഷ്ടമായത്. നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പന്നിയങ്കര പൊലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് അസം സ്വദേശിയിൽ. പ്രതി അസമിലുണ്ടെന്ന് മനസിലാക്കിയതോടെ, അസം പൊലീസിന്റെ സഹായവും തേടി. പിന്നാലെയാണ് അസമിലെ ഹൈലക്കണ്ടി ജില്ലയിൽ എത്തി പൊലീസ് പ്രതിയെ പിടികൂടിയത്.

ബന്ധുവായ സോഫ്റ്റ് വെയർ എഞ്ചിനീയറുടെ സഹായത്തോടെ ആയിരുന്നു ലസ്‌കർ തട്ടിപ്പ് നടത്തിയത്. ഇയാൾക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. പ്രതിയിൽ നിന്ന് നിരവധി പാസ്ബുക്കുകളും രേഖകളും പോലീസ് പിടിച്ചെടുത്തു. കോടതി നടപടികൾക്ക് ശേഷം നഷ്ടപ്പെട്ട തുക പരാതിക്കാരിക്ക് തിരികെ ലഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

0/Post a Comment/Comments