2024 നവംബർ ഒന്നോടെ 3849 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കും


കണ്ണൂർ ജില്ലയിൽ അതി ദരിദ്രരായവരിൽ  93 ശതമാനം പേരെയും 2024 നവംബറോടെ ദാരിദ്ര്യ മുക്തരാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട്  ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ  നടത്തിയ  മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. 

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ   സർവേയിലൂടെ 4208 അതിദരിദ്ര കുടുംബങ്ങളെയാണ്   ജില്ലയിൽ കണ്ടെത്തിയത്. ഇതിൽ നിന്നും 3958 ഗുണഭോക്താകൾക്കുള്ള മൈക്രോ പ്ലാനുകൾ തയ്യാറാക്കി. 250 ഗുണഭോക്താക്കൾക്കാണ് മൈക്രോ പ്ലാൻ തയ്യാറാക്കാത്തത്. ഏകാംഗ കുടുംബ അംഗങ്ങൾ മരിച്ച കേസുകൾ, നേരത്തെ തന്നെ ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾ, ഒരു വിവരവും രേഖപ്പെടുത്തതിനാലോ കുടുംബ വിവരം മാത്രം ചേർത്തതിനാലോ കെട്ടിക്കിടക്കുന്ന കേസുകൾ, അതിദരിദ്രർ മരണപ്പെട്ടത് മൂലം മൈക്രോ പ്ലാൻ തയ്യാറാക്കാത്തവ തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ നടപ്പിലാക്കാൻ കഴിയാത്ത കേസുകൾ മാത്രമാണ് മൈക്രോ പ്ലാൻ തയ്യാറാക്കാൻ ബാക്കിയുള്ളത്.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അവകാശം അതിവേഗം പദ്ധതി പ്രകാരം അതിദരിദ്രരിൽ 135 പേർക്ക് ആരോഗ്യ ഇൻഷുറൻസ്, 615 പേർക്ക് ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, 412 പേർക്ക് ആധാർ കാർഡ്, 262 പേർക്ക് റേഷൻകാർഡ്, 73 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 147 പേർക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡ്, 71 പേർക്ക് ബാങ്ക് അക്കൗണ്ട്, 13 പേർക്ക് കുടുംബശ്രീ അംഗത്വം, 19 പേർക്ക് ഗ്യാസ് കണക്ഷൻ, 22 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, 10 പേർക്ക് വീട് വയറിംഗ്, അഞ്ചു പേർക്ക് പ്രോപ്പർട്ടി സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

0/Post a Comment/Comments