കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് നവംബര്‍ 10ന് വെള്ളിയാഴ്ച പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമാകും. രാവിലെ 10 മണിക്ക് സാഹിത്യകാരന്‍ ടി പി വേണുഗോപാലന്‍ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷനാകും.
10ന് സ്റ്റേജിതര മത്സരങ്ങളും 11, 12 തീയ്യതികളിലായി സ്റ്റേജ് മത്സരങ്ങളും നടക്കും .
സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നവംബര്‍ 11ന് വൈകിട്ട് അഞ്ച് മണിക്ക് സിനിമാ താരം ഗായത്രി വര്‍ഷ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. മൂന്ന് ദിവസങ്ങളിലായി ഒന്‍പത് വേദികളില്‍ 66 മത്സരങ്ങള്‍ നടക്കും. കോര്‍പ്പറേഷന്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങലില്‍ നിന്ന് വിജയിച്ച 2528 മത്സരാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.
മലയാളം, മഞ്ജരി, കല്ല്യാണി, തരംഗിണി, കളകാഞ്ചി, കാകളി, നതോന്നത, കേക, രൂപകം തുടങ്ങിയ പേരുകളിലാണ് വേദികള്‍ അറിയപ്പെടുക.
സമാപന സമ്മേളനം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. സിനിമാതാരം രാജേഷ് മാധവന്‍ വിശിഷ്ടാതിഥിയാകും. കേരളോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിളംബര ഘോഷയാത്ര, പ്രചാരണ ശില്‍പം, ഓലക്കൊട്ട നിര്‍മ്മാണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി നടക്കുക.
Post a Comment