ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; മണ്ഡലകാല പൂജ 27ന്


പത്തനംതിട്ട:ശബരിമല മണ്ഡലകാല പൂജയുടെ ഭാഗമായി അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. രാവിലെ അഞ്ചു മുതൽ ആറന്മുള ക്ഷേത്ര അങ്കണത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശിക്കാനുള്ള അവസരമൊരുക്കിയിരുന്നു.

തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി 26ന് വൈകുന്നേരം അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. സോപാനത്ത് നിന്ന് തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും.

ശേഷം നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് രാവിലെ 10.30 നും 11 നുമിടയിലാണ് മണ്ഡലപൂജ. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11 ന് നടയടയ്‌ക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും. ഡിസംബർ 30-ന് വൈകിട്ട് നാലുമണിക്ക് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്.






0/Post a Comment/Comments