ശബരിമലയില്‍ അരവണ നിര്‍മാണം നിര്‍ത്തിവെച്ചു; ഒരു തീര്‍ത്ഥാടകന് അഞ്ച് ബോട്ടില്‍ മാത്രം



പത്തനം തിട്ട: മകരവിളക്ക് ഉത്സവത്തിന് നടതുറന്ന് മൂന്ന് ദിനങ്ങള്‍ പിന്നിടുമ്ബോള്‍ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിര്‍മാണം നിര്‍ത്തിവച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നിര്‍മാണം നിര്‍ത്തി വെച്ചത്. ഇതോടെ അരവണ വിതരണത്തിന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി ഒരു തീര്‍ത്ഥാടകന് അഞ്ച് ബോട്ടില്‍ എന്ന നിലയില്‍ പരിമിതപ്പെടുത്തി. നട തുറന്ന ശനിയാഴ്ച ആവശ്യാനുസരണം വിതരണം ചെയ്തിരുന്ന അരവണയുടെ എണ്ണം ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ 10 ബോട്ടില്‍ വീതം ആക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എണ്ണം വീണ്ടും അഞ്ചാക്കി വെട്ടിക്കുറച്ചത്.

വലിയ സംഘങ്ങളായി എത്തുന്ന സംസ്ഥാന തീര്‍ത്ഥാടകരാണ് ഇത് മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. തീര്‍ത്ഥാടക സംഘത്തിലെ ബഹുഭൂരിപക്ഷം പേരും പ്രസാദത്തിനായി ക്യൂ നില്‍ക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ കൗണ്ടറുകള്‍ക്കു മുമ്ബില്‍ വൻ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. 

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനകാലം ലക്ഷ്യമാക്കി പ്രതിദിനം രണ്ടര ലക്ഷം കണ്ടെയ്നറുകള്‍ എത്തിക്കുന്നതിനായി രണ്ട് കമ്ബനികള്‍ക്കാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കണ്ടെയ്‌നര്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഒരു കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് മറികടക്കാനായി ദേവസ്വം ബോര്‍ഡ് ഇക്കഴിഞ്ഞ ശനിയാഴ്ച പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 

ആദ്യം ടെൻഡര്‍ കോട്ട് ചെയ്ത കരാറുകാരന് പ്രതിദിനം 50,000 കണ്ടെയ്‌നര്‍ എത്തിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. ഇതോടെ മറ്റൊരു കരാറുകാരനെ കൂടി കണ്ടെയ്‌നര്‍ എത്തിക്കാനായി ബോര്‍ഡ് പരിഗണിച്ചു. പുതിയ രണ്ട് കരാറുകാരും ചേര്‍ന്ന് ഒന്നര ലക്ഷം കണ്ടെയ്നറുകള്‍ ദിനംപ്രതി എത്തിക്കാമെന്ന് ബോര്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കരാര്‍ ഉറപ്പിക്കുവാൻ ബോര്‍ഡിന് സാധിക്കു. ഈ കടമ്ബ കൂടി കടക്കാനായാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രതിസന്ധി പരിഹരിക്കാൻ ആകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.







0/Post a Comment/Comments