300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി


തൃശൂര്‍: ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ തൂക്കത്തില്‍ കുറവുണ്ടായതില്‍ പരാതിപ്പെട്ട ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവ്. വരാക്കര സ്വദേശി ജോര്‍ജ് തട്ടിലിന്റെ പരാതിയിലാണ് നടപടി. ബ്രിട്ടാനിയ കമ്പനിയും ബേക്കറി ഉടമയും ചേര്‍ന്ന് പിഴ തുക നല്‍കണമെന്നാണ് നിര്‍ദേശം.

2019 ഡിസംബര്‍ 4 നാണ് വരാക്കരയിലെ ചക്കിരി റോയല്‍ ബേക്കറിയില്‍ നിന്ന് ജോര്‍ജ് രണ്ട് ബ്രിട്ടാനിയ ബിസ്ക്കറ്റ് പാക്കറ്റുകള്‍ (ബ്രിട്ടാനിയ ന്യൂട്രി ചോയ്‌സ് തിന്‍ ആരോ റൂട്ട് ബിസ്‌ക്കറ്റ്‌) വാങ്ങിയത്. ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളില്‍ രേഖപ്പെടുത്തിയ തൂക്കം. തൂക്കത്തില്‍ സംശയം തോന്നി ജോര്‍ജ് പരിശോധിച്ചപ്പോള്‍ ഒരു പാക്കറ്റില്‍ 268 ഗ്രാമും അടുത്തതില്‍ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കുകയും തൂക്കം പരിശോധിച്ച് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടു.

തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അനേകം പാക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ എത്രമാത്രം ചൂഷണം ചെയ്യപ്പെടുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആര്‍ റാം മോഹന്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ഹര്‍ജിക്കാരനുണ്ടായ വിഷമതകള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു.






0/Post a Comment/Comments