കണ്ണൂരില്‍ നായനാര്‍ ചരമവാര്‍ഷികദിനാചരണം വിപുലമായി ആഘോഷിക്കും നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിക്കുമെന്ന് എം.വി ജയരാജൻ



കണ്ണൂർ:
ജനനായകനും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ  20–-ാം ചരമ വാർഷിക ദിനം 19ന്‌ ജില്ലയിൽ വിപുലമായി ആചരിക്കും. 
2004ലാണ്‌ നായനാർ നമ്മെ വിട്ടുപിരിഞ്ഞത്‌.  മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും പ്രക്ഷോഭകാരിയുമായിരുന്നു നായനാർ.  ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം രംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും  കമ്യൂണിസ്‌റ്റ്‌–-കർഷക പോരാട്ടങ്ങളുടെ നായകനുമായിരുന്നു. ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും മുൻനിര പോരാളിയായിരുന്നു.  ഒളിവിലും പുറത്തും  ജനങ്ങൾക്ക്‌ വേണ്ടി സമർപ്പിച്ചതായിരുന്നു ആ ജീവിതം.
ഇത്തവണ നായനാർ  ദിനം    ആചരിക്കുന്നത്‌   സവിശേഷ സാഹചര്യത്തിലാണ്‌. ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന മോദി സർക്കാരിനെ താഴെയിറക്കാനുള്ള  പോരാട്ടത്തിലാണ്‌ രാജ്യം.  ലോകസഭ തെരഞ്ഞെടുപ്പ്‌ നാലുഘട്ടം പിന്നിട്ട്‌ അഞ്ചാംഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ 400 സീറ്റ്‌  നേടുമെന്ന അവകാശപ്പെട്ട ബിജെപിക്ക്‌ 200 സീറ്റ്‌ പോലും തികയ്‌ക്കാനാവില്ലെന്നെ്‌  ബോധ്യപ്പെട്ടിരിക്കയാണ്‌. കേന്ദ്ര മന്ത്രിയുടെ പങ്കാളി  ഇക്കാര്യം വെട്ടിത്തുറന്ന്‌ പറഞ്ഞു.  ന്യൂനപക്ഷ വേട്ട ഉൾപ്പെടെ രാജ്യം ഫാസിസ്‌റ്റ്‌ ഭരണത്തിലേക്ക്‌ നീങ്ങുമ്പോൾ അതിനെതിരെ ജനം പ്രതിരോധം തീർക്കുന്നതാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്‌.  കോടതിയിൽ നിന്ന്‌  മോദി സർക്കാർ നിരന്തരം  തിരിച്ചടി നേരിടുകയാണ്‌.  അറസ്‌റ്റുചെയ്യുമ്പോൾ പാലിക്കാൻ 1997ൽ സുപ്രിംകോടതി കൊണ്ടുവന്ന വ്യവസ്ഥകൾ കാറ്റിൽ പറത്തിയ ഇഡിക്ക്‌ കോടതി താക്കീത്‌ നൽകിയിരിക്കുകയാണ്‌.  കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ചട്ടുകമാക്കി ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ മാറ്റിയതിനുള്ള തിരിച്ചടിയാണ്‌ കോടതിയിൽ നിന്ന്‌ ലഭിച്ചത്‌.  കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്‌ടമായി.  എതിർ ശബദ്‌ങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിന്റെ അറസ്‌റ്റ്‌.  കെജരിവാളിന്‌ ജാമ്യം അനുവദിച്ചതും  കേന്ദ്രത്തിന്റെ രാഷ്‌ട്രീയ  വേട്ടയ്‌ക്കുള്ള തിരിച്ചടിയാണ്‌.
നായനാർ ദിനാചരണത്തിന്റെ ഭാഗമായി 18,19 തീയതികളിൽ സിപിഐ എം നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.
19ന്‌ രാവിലെ എട്ടിനാണ്‌ പയ്യാമ്പലത്തെ നായനാർ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന.  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ,  കെ കെ ശൈലജ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും   പങ്കെടുക്കും.    അതിന്‌ ശേഷം  ബർണശേരി നായനാർ അക്കാദമിയയിൽ അനുസ്‌മരണ പരിപാടി നടക്കും.    നായനാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുക്കും.  മ്യൂസിയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങൾ ജനങ്ങൾക്ക്‌ കാണാനാവും.  നിർമിതബുദ്ധി ഉപയോഗിച്ച്‌ ഇവിടെ തയ്യാറാക്കിയ നായനാരുമായി സന്ദർശകർക്ക്‌ സംസാരിക്കാം.   ജനപ്രീയ പരിപാടിയായ നായനാരോട്‌ ചോദിക്കാം ഫോൺ ഇൻ പരിപാടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. പാർടിയുടെ ആദ്യകാല നേതാക്കളായ പി കൃഷ്‌ണപിള്ള, ഇഎംഎസ്‌, എൻ സി ശേഖർ, എകെജി, നായനാർ എന്നിവരുടെ  സിലിക്കോണിൽ നിർമിച്ച ജീവൻ തുടിക്കുന്ന പ്രതിമ,  പഴകാല പോരാട്ടങ്ങളുടെ ഏഴ്‌ മിനുട്ട്‌   ദൈർഘ്യമുള്ള ഹ്രസ്വചിത്രം, നായനാർ ഉപയോഗിച്ച പേന,  കണ്ണട തുടങ്ങിയവയുടെ പ്രദർശനം, രക്തസാക്ഷികളുടെ ഫോട്ടോയും  പേരും വർഷവും ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി  ഭിത്തി,  സാർവദേശിയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്‌ടി ചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ്‌ മ്യൂസിയത്തിലെ കാഴ്‌ചകൾ. രണ്ടാംഘട്ടത്തിൽ ഇവിടെ കൂടുതൽ കാഴ്‌ചകളൊരുക്കും.
19ന്‌ വൈകിട്ട്‌ അഞ്ചിന്‌ കല്യാശേരിയിൽ നടക്കുന്ന അനുസ്‌മരണ പൊതുയോഗം എം വി ഗോവിന്ദൻ  ഉദ്‌ഘാടനം ചെയ്യും എന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.

0/Post a Comment/Comments