കാൽനടയാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ചുഇരിട്ടി: ഇരിട്ടി ടൗണിൽ കാൽനടയാത്രക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. തന്തോട് സ്വദേശി പാറക്കൽ തയ്യിബ്ബ് മുഹമ്മദ് (50) ആണ് മരിച്ചത്. ഇയാളെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനത്തിനായി പോലീസ് അന്വേഷണം തുടരുകയാണ്.
ബുധനാഴ്ച രാത്രി 9.30 തോടെ ഇരിട്ടി മേലേസ്റ്റന്റിൽ നേരംപോക്ക് കവലക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ പെട്ട് റോഡിൽ കിടന്ന മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധം നിലച്ചതിനാൽ ഇരിട്ടി ടൗണിൽ കൂരിരുട്ടായിരുന്നു. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ചിരുന്ന സോളാർ വിളക്കുകൾ മുഴുവൻ കണ്ണടച്ചിട്ട് വർഷങ്ങളായി. അതുകൊണ്ടുതന്നെ വൈദ്യുതി ബന്ധം നിലക്കുമ്പോഴേക്കും രാത്രികാലങ്ങളിൽ ടൗണിൽ കൂരിരുട്ടാണ്. ഇതും അപകടത്തിന് കാരണമായതായി വ്യാപാരികളും ടൗണിലെ ഡ്രൈവർമാരും പറയുന്നു. പോലീസ് ടൗണിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെങ്കിലും വൈദ്യുതി ബന്ധം ഇല്ലാതായതോടെ ടൗണിലെ സ്ഥാപനങ്ങളിലുള്ള നിരീക്ഷണ ക്യാമറകളിൽ പലതും പ്രവർത്തിക്കാതായതും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.
ഭാര്യ: ആയിഷ. മക്കൾ: നബീസ, അറഫ, അഫ്‌നാൻ, ഉമ്മർ.

0/Post a Comment/Comments