ഇരിട്ടി മേഖലയിൽ കനത്ത മഴ; ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വീണ്ടും വെള്ളം കയറി. കല്ലും മണ്ണും വന്നടിഞ്ഞ് പേരാവൂർ റോഡിൽ ഗതാഗത തടസ്സം


ഇരിട്ടി:ഇരിട്ടി മേഖലയിൽ ഉച്ചയോടെ ഉണ്ടായ  കനത്ത മഴ  മേഖലയിലെ  ജനജീവിതത്തെ ബാധിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. കല്ലും മണ്ണും ചെളിയും നിറഞ്ഞ് ഇരിട്ടി-പേരാവൂർ റോഡിൽ പയഞ്ചേരി മുക്കിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും  റോഡിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണുമാണ് ഗതാഗത തടസ്സത്തിനിടയാക്കിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ്   റോഡിലെ കല്ലും മണ്ണും നീക്കംചെയ്തത്.

 ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളിലേക്കും  വെളളം കയറി ഓഫീസിന്റെ അടിനില  വെള്ളത്തിനടിയിലായി. ഓഫീസ് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. വോട്ടെണ്ണൽ ഡ്യൂട്ടിക്ക്  പോകേണ്ടിയിരുന്ന വാഹനവും വെള്ളത്തിൽ കുടുങ്ങിയതോടെ മണിക്കൂറുകൾ വൈകിയാണ് പോകാനായത്. 

മുൻകാലങ്ങളിലെ കാലവർഷത്തിൽ  ബ്ലോക്ക് ഓഫിസിൽ  വെള്ളം കയറുന്നത് നിത്യ സഭാവമായതോടെ ലക്ഷങ്ങൾ ചിലവിട്ട്  റോഡ് ഉയർത്തിയെങ്കിലും ഫലം ഉണ്ടായില്ല. 
ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിലും   തന്തോട് മണ്ണും  ചെളിയും റോഡിൽ നിറഞ്ഞ് ഗതാഗതത്തിന് തടസമായി.  കച്ചവട സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ ചെളി വെള്ളം കയറി. 

കഴിഞ്ഞവർഷവും ഇത്തരത്തിൽ ചെളിയും മണ്ണും കല്ലും ഒഴുകിയെത്തി ഗതാഗത ഉൾപ്പെടെ തടസ്സപ്പെട്ടിരുന്നു.
ഇരിട്ടി പഴയസ്റ്റാന്റിൽ താളുകണ്ടത്തിൽ ജ്വല്ലറിക്ക് മുൻവശത്തെ ഓട്ടോ സ്റ്റാന്റ് , ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ഏറിയ എന്നിവ ഏറെനേരം വെള്ളത്തിലായി. റോഡരികിലെ ഓവുചാലിലേക്ക് വെള്ളം ഒഴുകിപ്പോകേണ്ട ദ്വാരങ്ങൾ ചെളിയും മറ്റും നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ചതാണ്‌ വെള്ളക്കെട്ടിനിടയാക്കിയത്.  

ഇരിട്ടി - മട്ടന്നൂർ റോഡിൽ  ഉളിയിൽ സ്‌കൂളിനു മുന്നിലെ റോഡിൽ വെള്ളം കയറി. ഇരുചക്ര വാഹനങ്ങക്കുൾപ്പെടെ ഇതുവഴി പോകുവാൻ ഏറെ പ്രയാസപ്പെട്ടു.  നേരത്തെ ഇത്തരത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഓവുചാൽ നവീകരണം ഉൾപ്പെടെ നടത്തിയതായിരുന്നു. എന്നിട്ടും ഒരുമാറ്റവും ഉണ്ടായിട്ടില്ല. മലയോര ഹൈവേയിൽ പാലപ്പുഴ ചേന്തോട് പാലം നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച താല്ക്കാലിക റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു.






0/Post a Comment/Comments