വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്; തിരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം


തിരുവനന്തപുരം:വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന്റെ കാര്യം അറിയിച്ചത്. അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും.

പാക്കേജില്‍ ഏറ്റവും മുന്തിയ പരിഗണന ഇരകള്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതിനാണ്. മറ്റുള്ള സംഘടനകളുടെയോ വ്യക്തികളുടെ സഹായം ഉണ്ടായാല്‍പ്പോലും, പൂര്‍ണമായും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക.

ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു. താൽക്കാലിക പഠന കേന്ദ്രം ഒരുക്കുകയോ, സമീപത്തെ സ്കൂളുകളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.

ദുരന്തപ്രദേശത്തെ തിരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരാനാണ് മന്ത്രിസഭാ ഉപസമിതി യോ​ഗത്തിൽ തീരുമാനമായത്. ചാലിയാറില്‍ കടലില്‍ ചേരുന്ന ഭാഗത്ത് നേവിയുടേയും കോസ്റ്റ് ഗോര്‍ഡിന്റെയും സഹായത്തോടെ തിരച്ചില്‍ നടത്താനുള്ള സാധ്യത കണക്കിലെടുക്കാന്‍ യോഗത്തില്‍ സംബന്ധിച്ച ചീഫ് സെക്രട്ടറി വി വേണുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.






0/Post a Comment/Comments