മാലൂർ: ചെള്ള് പനി റിപ്പോർട്ട് ചെയ്ത മാലൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് പുരളിമല ട്രൈബൽ നഗറിൽ ആരോഗ്യവകുപ്പ് സംഘം സന്ദർശിച്ചു.
ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ സംഘം സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
ജില്ലാ സർവൈലൻസ് ഓഫീസർ ഇൻ ചാർജ് ഡോ അനീറ്റ കെ ജോസി, ജില്ലാ വെക്ടർ ബോർഡ് കൺട്രോൾ ഡിസീസ് ഓഫീസർ ഡോ കെ കെ ഷിനി, ജില്ലാ എപിഡമോളജിസ്റ്റ് ജി എസ് അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, അസിസ്റ്റന്റ് എന്റമോളാജിസ്റ്റ് കെ സതീഷ് കുമാർ, ഇൻസക്ട് കളക്ടർ പ്രദോഷ്, ശ്രീഭ, ഡി വി സി യൂണിറ്റ് അംഗങ്ങളായ ശൈലജ, സീന, രാജൻ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ചെള്ള് പനി റിപ്പോർട്ട് ചെയ്ത പരിസര പ്രദേശങ്ങളിൽ ഫ്ളാഗിങ് നടത്തി സാമ്പിളുകൾ ശേഖരിച്ചു. ചെള്ള് നിയന്ത്രണത്തിന്റെ ഭാഗമായി ഡസ്റ്റിംഗ് നടത്തി. ചെള്ള് പനി പടരുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ തുടങ്ങിയവർക്ക് ബോധവത്കരണവും രോഗപ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണവും നടത്തി.
കൈയുറകളും ബൂട്സും ധരിക്കണമെന്നും വീട്ടുപരിസരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് കത്തിക്കണമെന്നും അറിയിപ്പ് നൽകി. പനി, ചെള്ള് കടിച്ച ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മാലൂർ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സിബീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുബൻ, ആശവർക്കർ ഷിംന, വാർഡ് മെംബർ ശ്രീകല, പി രാഖി എന്നിവർ പങ്കെടുത്തു.
Post a Comment