ജയിക്കാൻ ഈ വര്‍ഷം മുതല്‍ 8ാം ക്ലാസില്‍ മിനിമം മാര്‍ക്ക് വേണം


  തിരുവനന്തപുരം: എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്ബ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പാക്കും. നിലവിലെ ഓള്‍ പ്രൊമോഷൻ രീതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒമ്ബതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. 

നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിജയിക്കാൻ 30 ശതമാനം മാർക്ക്‌ വേണം. മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവർക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വർഷം ഒമ്ബതിലും മിനിമം മാർക്ക്‌ പ്രാബല്യത്തില്‍ വരും. 2026-27ല്‍ എസ്‌എസ്‌എല്‍സി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിർദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച്‌ പ്രവർത്തിക്കുന്ന സ്കൂളുകള്‍ പൂട്ടുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന വ്യാപകമായി പരിശോധന നടത്തണം. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്കൂളുകള്‍ പ്രവർത്തിക്കുന്നുവെന്ന കാര്യത്തില്‍ ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. കോഴ കൊടുക്കുന്നവർ ആലോചിക്കണമെന്നും പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 


0/Post a Comment/Comments