സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആശുപത്രികളിലും ആരംഭിക്കും: മന്ത്രി വീണ ജോർജ്

കണ്ണൂർ:
സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആശുപത്രി തലം മുതൽ എന്ന ആശയമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും പഴയങ്ങാടി താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പോകേണ്ടിവരുമ്പോൾ ഇ-ഹെൽത്ത് സംവിധാനം രോഗികൾക്ക് ആശ്വാസമാണ്. രോഗിയും ആരോഗ്യപ്രവർത്തകരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ഇ-ഹെൽത്ത് സംവിധാനത്തിലൂടെ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സർക്കാർ ആരോഗ്യ മേഖലയിൽ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നവകേരളമിഷന്റെ ഭാഗമായി ആർദ്രം ദൗത്യത്തിലുൾപ്പെടുത്തിയാണ് മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എൻ.എച്ച്.എം ആർ.ഒപിയിൽ ഉൾപ്പെടുത്തി 1.22 കോടി രൂപ ചെലവിലാണ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിച്ചത്.
എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.




0/Post a Comment/Comments