ജില്ലയിലെ താലൂക്ക് തല തരംമാറ്റ അദാലത്തുകൾക്ക് ഇന്ന് തുടക്കമാവും


കണ്ണൂർ:
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് ഒക്‌ടോബർ 25ന് തുടക്കമാവും. കണ്ണൂർ താലൂക്ക് തല അദാലത്ത് ഒക്‌ടോബർ 25ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 

ആഗസ്റ്റ് 31 വരെ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെന്റിൽ താഴെയുള്ള ഭൂമി സംബന്ധിച്ച് ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്യോഗസ്ഥ തലത്തിലാണ് അദാലത്ത്. 

പൊതുജനങ്ങൾ അദാലത്തിൽ നേരിട്ട് എത്താതെ തന്നെ എസ്എംഎസ് മുഖേന ഗുണഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ആർ ഡി ഒ/സബ് കളക്ടർ / ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ അദാലത്തിന്റെ ഭാഗമാകും.

തളിപ്പറമ്പ താലൂക്ക് അദാലത്ത് ഒക്ടോബർ 26ന് തളിപ്പറമ്പ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും തലശ്ശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി താലൂക്ക് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ, തലശ്ശേരിയിലും പയ്യന്നൂർ താലൂക്ക് അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും ഇരിട്ടി താലൂക്ക് അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.




0/Post a Comment/Comments