ശബരിമല തീര്‍ഥാടനം; പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി


കൊച്ചി:ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം. മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി. ചക്കുപാലത്തും ത്രിവേണി ഹില്‍ടോപ്പിലും പാര്‍ക്ക് ചെയ്യാം. രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. പാര്‍ക്കിങ് അനുവദിക്കണമെന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയിലാണ് തീരുമാനം.

മാസപൂജ സമയത്തേക്ക് മാത്രമാണ് പമ്പയില്‍ പാര്‍ക്കിങിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നത്. പമ്പയില്‍ ചക്കുപാലം, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് ഹൈക്കോടതി പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്. രണ്ടിടത്തായി രണ്ടായിരത്തോളം ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതോടെ സുഗമമായ തീര്‍ഥാടനത്തിന് വഴിയൊരുങ്ങും.

കഴിഞ്ഞ ശബരിമല സീസണില്‍ തിരക്കേറിയ ദിവസങ്ങളില്‍ നിലയ്ക്കലെ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വനത്തില്‍ പലയിടത്തും വാഹനങ്ങള്‍ പിടിച്ചിടേണ്ടിവന്നു. ഏറ്റുമാനൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു.




0/Post a Comment/Comments