കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാത്രി 11 വരെ; മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്




കൊച്ചി: ജനുവരി 18 ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ്  ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. ഒഡീഷക്കെതിരെ നേടിയ ത്രില്ലര്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അഡ്രിയാന്‍ ലൂണയും സംഘവും. താല്‍കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും

അവസാനം കളിച്ച മൂന്ന് മത്സരങ്ങളും നോര്‍ത്ത് ഈസ്റ്റിന് സമനിലയാണ് സമ്മാനിച്ചത്. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം. കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി എട്ട് മത്സരങ്ങളാണ് മുന്നിലുള്ളത്. ഇതില്‍ അഞ്ചിലെങ്കിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് ഉറപ്പിക്കാനാകൂ. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ദൂസാന്‍ ലഗാറ്റോര്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനാണ് സാധ്യത. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം അലക്‌സാന്ദ്രേ കൊയ്ഫുമായി ക്ലബ് വേര്‍പിരിഞ്ഞു.

0/Post a Comment/Comments