കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ




കണ്ണൂർ: കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. 

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി. 

അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. 

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു. 


0/Post a Comment/Comments